കൊട്ടിയൂർ സംഭവം കുറെ ദിവസമായി നമ്മൾ ആഘോഷ പൂർവം കൊണ്ടാടുകയാണല്ലോ? തലക്കെട്ട് കണ്ടു ഇതൊരു ശാലോം സ്റ്റൈൽ ന്യായികരണ കുറിപ്പാണെന്നു ആരെങ്കിലും ധരിച്ചെങ്കിൽ തെറ്റി. കത്തനാന്മാരുടെയൊക്കെ വാരിയുടക്കണമെന്ന രീതിയിലുള്ള കാടടച്ചുള്ള ആക്രമണവുമല്ല. വശ്വാസ അന്ധതക്കും സഭാവിരോധത്തിനുമപ്പുറം സംഭവം നിഷ്പക്ഷമായി വസ്തുനിഷ്ഠമായി ചർച്ച ചെയ്യുന്നതിൽ താത്പര്യമ ഉള്ളവർ മാത്രം തുടർന്ന് വായിക്കുക. ഇതെഴുതുന്ന ആൾ ഒരു “സത്യ” ക്രിസ്ത്യാനി ആണെന്നുള്ള കാര്യം ആദ്യമെ ഇവിടെ കുറിക്കുന്നു ( അതോർത്തു വിഷമിക്കണ്ട)
റോബിൻ എന്ന അഭിഷക്തൻ ചെയ്തത് തെറ്റാണോ ഇരയുടെ രൂപത്തിൽ വന്ന പിശാചിന്റെ കയ്യിൽ നിന്നും ഒരു ദുർബല നിമിഷത്തിൽ ആപ്പിൾ വാങ്ങി കഴിച്ചതാന്നോ എന്നൊന്നും ചർച്ച ചെയ്തു വരികളുടെ എണ്ണം കൂട്ടുന്നില്ല. റോബിൻ എന്ന റാസ്കൽ ( PC ജോർജ് ന്റെ വാക്കുകൾ കടമെടുത്താൽ) ചെയ്തത് ഇനി ഇഹലോകത്തിൽ വെളിച്ചം കാണാതെ കാരാഗൃഹത്തിൽ അടക്കാൻ പറ്റിയ ഒന്നാംതരം ക്രിമിനൽ കുറ്റം. പരലോകത്തിൽ എവിടെ പോകും എന്നത് വിശ്വാസികൾക്ക് നന്നായി അറിയാം. സംഭവത്തിന്റെ ഗൗരവം സ്ത്രീ പീഡനം എന്നതിനൊക്കെ അപ്പുറത്താണ്. പ്രായപൂർത്തിയാവാത്ത നിർധനയായ ഒരുപെൺകുട്ടി താൻ ഭയ ആദരവോടെ നോക്കിക്കാണുന്ന, ഒരു വലിയ സമൂഹത്തിന്റെ മുഴുവൻ വിശാസത്തിന്റെ നെടുംതൂണായ, വളരെ ശക്തമായ വ്യക്തിപ്രഭാവം ഉള്ള, ഒരാളുടെ കാമാസക്തിയുടെ വലയത്തിൽ പെടുമ്പോൾ “അവളൊന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ …” എന്ന രീതിൽ ഡയലോഗ് അടിക്കുന്നവന്റെ ചെകിട്ടത്തടിക്കണം.
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല, ഇതിനു മുൻപും പലയിടത്തും വലവിരിക്കുകയും അകിട് കിളുത്തു തുടങ്ങിയ കുഞ്ഞാടുകളെ ബെഡ്റൂമിൽ സൽക്കരിച്ചെന്നുമൊക്കെ വാർത്തകളിൽ ഏറെ കാണുന്നുണ്ടെങ്കിലും സത്യാവസ്ഥ എന്ത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാവില്ല. ഇപ്പോഴത്തെ മെഡിക്കൽ സയൻസ് പഠനങ്ങൾ അനുസരിച്ചു ഒരു pedophile അല്ലെങ്കിൽ sexual offender സാധാരണ ഗതിയിൽ പിന്നെയും ആവർത്തിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ് . അതുകൊണ്ടാണല്ലോ ഒരിടത്തെ സംഭവം ഒതുക്കാൻ മലനാട്ടിലോട്ടൊ മറുനാട്ടിലോട്ടൊ അല്ലെങ്കിൽ അവിടുന്നു നാട്ടിലോട്ടു കടത്തുന്നവർ അവിടെയും തനിനിറം പിന്നെയും കാണിക്കുന്നത്. Spotlight എന്ന ഇംഗ്ലീഷ് സിനിമ കണ്ടാൽ ഇന്നത്തെ സിറോ മലബാർ സഭയിലേതിന് സമാനമായി അമേരിക്കൻ സഭയിൽ നടന്ന അഭിഷക്തരുടെ വിളഞ്ഞാട്ടങ്ങളുടെയും, മൂടിവയ്ക്കലിന്റെയും അവസാനം മുഖം മൂടി അഴിഞ്ഞു വീണതിന്റെയും കഥ അറിയാം.
ഒരു വഴിതെറ്റിയ ആട്ടിടയന്റെ കഥയേക്കാൾ ഇതിനെ sensational ആക്കുന്നത് വികാരനിർവൃതിക്ക് ശേഷം നടന്ന പാപ പരിഹാര കർമ്മങ്ങളും, അതിനായി തിരശീലക്ക് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെ എന്ന ചോദ്യവും, സഭയുടെ ചില ഏറാൻ മൂളികളുടെ ഉളുപ്പില്ലാത്ത ന്യായികരണ ദുരന്തങ്ങളും ആണ്. 10 മാസം നീണ്ട ഓപ്പറേഷൻ; സംശയത്തിന്റെ ചൂണ്ടുവിരലുകൾ മേലേത്തട്ടിലേക്കു നീളുമ്പോൾ, അങ്ങനെ അല്ല എന്ന് വിശ്വസിക്കാൻ നമ്മുക്ക് കാരണങ്ങൾ വളരെ കുറവ്. ഇതുപോലെ മറ്റു സംഭവങ്ങൾ ലക്ഷങ്ങളൊ കോടികളൊ, അല്ലെങ്കിൽ നരകത്തിലേക്ക് ഡയറക്റ്റ് ട്രാൻസ്ഫർ എന്നുള്ള ഭീക്ഷണിയോ വഴി ഒതുക്കിയിട്ടില്ല എന്നും തീർത്തു പറയാൻ ആവില്ല. സഭ തലത്തിൽ തന്നെ cover up നടന്നിട്ടുണ്ട്. അത് എന്തിനു എന്ന ചോദ്യം ആണ് നമ്മളെ ഈ വിഷയത്തിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നത്.
കേരളത്തിൽ ഒത്തിരി രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുണ്ട്. രാഷ്ട്രീയക്കാർ അഴിമതി തുടങ്ങി മറ്റു പല കേസ് കളിലും പെടാറും ഉണ്ട്. ഇത്തരം സന്ദര്ഭങ്ങളിലൊക്കെ അവരുടെ പാർട്ടിക്കാർ പരമാവധി ന്യായികരിക്കയും, ഗദ്യന്തരം ഇല്ലാതെ വരുമ്പോൾ പരസ്യമായി കൈവിടുകയും രഹസ്യമായി തുടർന്നും കേസ് നു വേണ്ട സഹായങ്ങൾ ചെയ്യുന്നതും നമ്മൾ എപ്പോഴും കാണുന്നതാണ്. മറ്റൊരു ഉദാഹരണത്തിനായി പറഞ്ഞാൽ, സ്വന്തം കുടുമ്പത്തില് ഒരാൾ ഒരു കുറ്റം ചെയ്താൽ അയാളെ നമ്മൾ ഉടനെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ഏൽപ്പിച്ചു നോട്ടീസ് അടിച്ചു വിതരണം ചെയ്യുമോ അതോ നമ്മളെ പറ്റുന്ന രീതിൽ സഹായിക്കുമോ? അങ്ങനെ നോക്കിയാൽ സഭയും അത് തന്നെയല്ലേ ചെയ്യുന്നത്. കൂടെ ഉള്ള ഒരാളെ പറ്റുന്നത്രയും പ്രതിരോധിക്കുക അവരുടെ കടമ അല്ലെ ? അതിൽ എന്താണ് തെറ്റ് ? അവിടെയാണ് പത്രോസാകുന്ന പാറയിൽ പണിത സ്വർഗീയ സഭയും സാധാരണക്കാരന്റെ വിയർപ്പിൽ പടുത്തുയർത്തിയ നശ്വര പ്രസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യം കടന്നു വരുന്നത്.
ദൈവത്തിന്റെ സുവിശേഷം ഭൂമിയുടെ എല്ലാ കോണുകളിലും പ്രസംഗിക്കുന്നതിനുമപ്പുറം സഭ ഒത്തിരി വളർന്നിരിക്കുന്നു. വിദ്യാഭ്യസ സ്ഥാപനങ്ങളും ആശുപത്രികളും തോട്ടങ്ങളും പള്ളികളും ധ്യാനകേന്ദ്രങ്ങളും ഒക്കെയായി അറപ്പുരയിൽ സമ്പാദ്യം ഏറെ. ഇതൊക്കെ നില നിൽക്കണമെങ്കിൽ വിസ്വാസികൾ വേണം, വിശ്വാസികളെ കൂടെ നിർത്താൻ ഇടയന്മാർ വേണം. ഇടയൻമ്മാർ കൂടെ നിൽക്കണമെങ്കിൽ അവർക്കു അധികാരവും ചെങ്കോലും വേണം. ശിഷ്യന്മാരുടെ കാൽ കഴുകുന്ന സേവകന്മാർ അല്ല, കുഞ്ഞാടുകളെ ദൈവ ഭയവും കൂദാശകളും വഴി പിഴിയുന്ന ഇടയന്മാർ ആണ് ഏറെയും. നാളെയും വിശ്വാസികൾക്ക് ഇടയന്മാരിലുള്ള ആ ഭയവും ബഹുമാനവും തുടരേണ്ടത് സഭയുടെ ആവശ്യം ആണ്. സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ നാളെയെക്കുറിച്ചു ആകുലപ്പെടേണ്ടി വരുമെന്നും, അറപ്പുരയുടെ കാവൽക്കാർ ഇല്ലാതായാൽ വയലിലെ ലില്ലിയെക്കാളും പകിട്ടിൽ കാര്യങ്ങൾ മുൻപോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്നും സിറോ മലബാർ മേലധ്യക്ഷന്മാർക്കു നന്നായി അറിയാം.
സഭയിൽ ഉള്ള എല്ലാവരെയും അടച്ചാക്ഷേപിക്കാൻ പറ്റില്ല. മറ്റേതൊരു പ്രസ്ഥാനവും പോലെ സഭക്കും മാനുഷിക തലങ്ങൾ ആണ് ഉള്ളതെന്ന് നമ്മൾ മനസ്സിലാക്കണം. നല്ല മനസ്സോടെ വൈദികരാവുകയും ഇന്നും നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ഭൂരിപക്ഷം നിലനിൽക്കണമെങ്കിൽ സഭ വേണം. സഭ ഒരു സുപ്രഭാതത്തിൽ പിരിച്ചു വിടാൻ പറ്റില്ലല്ലോ. നിലനിൽക്കണമെങ്കിൽ വൈദികരെ അടച്ചുള്ള ആക്ഷേപങ്ങളും, ബ്രഹ്മചര്യം ആണ് കുഴപ്പം എന്നുള്ള വാദങ്ങളും, പെൺകുട്ടികൾ പള്ളിയിയിൽ പോവുന്നത് സൂക്ഷിക്കണം എന്നീ രീതിയിലുള്ള ആക്രമണങ്ങളെ പ്രധിരോധിച്ചേ മതിയാവു. പുറത്തുനിന്നുള്ള അക്രമങ്ങളെ പ്രതിരോധിക്കണം എന്നതിന്റെ അർഥം ഇടയന്മാരുടെ മേച്ചിലും രക്ഷപെടുത്താലും ന്യായീകരണങ്ങളും നിർബാധം തുടരാം എന്നല്ല.
ശക്തമായ തിരുത്തലുകൾ സഭയുടെ ഉള്ളിൽ നിന്നും തന്നെ എത്രയും പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ ഈ ജീർണതകൾ പതനത്തിലേക്ക് നയിക്കുന്ന കാലം വിദൂരം അല്ല. പാശ്ചാത്യ രാജ്യങ്ങളിലെ സഭകളുടെ ഉദാഹരണങ്ങൾ കണ്മുൻപിൽ തന്നെ ഉണ്ട്. കാലം മാറുന്നതിനനുസ്സരിച്ചു സഭ പിതാക്കന്മാരുടെ രീതികൾ മാറണം. പുരോഹിതരുടെ അപ്രമാദിത്യവും അഹന്തയും അധികാര മോഹവും മാറി കൂടുതൽ കൂട്ടായ തീരുമാന രീതികളും transparent ആയ പണ ഇടപാടുകളും മനുഷ്യത്തപരമായ നിലപാടുകളും ഉണ്ടാവണം. വിശ്വാസികളെ വിശ്വാസത്തിൽ എടുക്കണം. ഒരിക്കൽ തെറ്റ് ചെയ്തവരെ ഉടൻ പുറത്താക്കാൻ ഉള്ള ആർജവം കാട്ടണം. നിയമ വിരുദ്ധമായ പണമിടപാടുകൾ ഇല്ലാ എന്ന് ഉറപ്പു വരുത്തിയാൽ ഇത്തരക്കാരെ ചുമക്കേണ്ട ബാധ്യത ഒരു പരിധി വരെ ഇല്ലാതാവും. അതല്ല ദൈവത്തിന്റെ അഭിഷക്തർ തന്നെ കാര്യങ്ങൾ നിയന്ത്രിക്കുമെന്നും പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടെ എന്നും ഉള്ള നിലപാട് തുടരുകയാണെങ്കിൽ അത് നാശത്തിലേക്കുള്ള വിശാലമായ വഴി ആയിരിക്കും.